
ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്നലെ മാത്രം 67 പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഗാസയിലെ കടൽത്തീര കഫേയിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരും വെടിവെയ്പ്പിൽ 22 പേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മറ്റു രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തിലാണ് 15 പേർ കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ഗാസയിൽ അൽ ബക്ക കഫേയാണ് ഇസ്രയേൽ തകർത്തത്. സ്ത്രീകളും കുട്ടികളും അടക്കം തിങ്ങിനിറഞ്ഞിരുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശവാസികളും ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവർത്തകരും സ്ഥിരമായി വരുന്ന കഫേയാണിത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഒരു യുദ്ധവിമാനം പ്രദേശം ആക്രമിക്കുകയായിരുന്നുവെന്നും ഭൂമികുലുക്കം പോലെയാണ് അനുഭവപ്പെട്ടതെന്നാണ് ദൃക്സാക്ഷി വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.
അമേരിക്കയുടെ മുൻകയ്യിൽ ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു എന്നാണ് റിപ്പോർട്ട്. ഗാസയെ പിടിച്ചുകുലുക്കിയ കര–വ്യോമ ആക്രമണമാണ് നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. വടക്കൻ ഇസ്രയേൽ പൂർണമായും പിടിച്ചെടുക്കാനാണ് ഇസ്രയേൽ നീക്കം. ഇവിടെ നിന്നും അടിയന്തരമായി ഒഴിഞ്ഞുപോകാൻ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.











